എറണാകുളം: താരസംഘടനയായ ‘അമ്മ’ എക്സിക്യുട്ടീവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന അമ്മയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. വനിതാ അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരവാഹി തെരഞ്ഞെടുപ്പില്‍ തര്‍ക്കം നടന്നിരുന്നു.
അമ്മയുടെ നിയമം അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ വേണം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും യോഗത്തിൽ തീരുമാനമായി.
അനന്യയും അൻസിബയും സരയുവും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ട് നേടിയിരുന്നു. എന്നാൽ, മൂവർക്കും വോട്ട് കുറവായിരുന്നെന്നും അവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് ഭാരവാഹികൾ എടുത്ത തീരുമാനം. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെ അംഗങ്ങളിൽ ചിലർ പരസ്യമായി പ്രതിഷേധം അറിയിച്ചു. അന്‍സിബയേയും സരയുവിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ബാക്കി വന്ന ഒരാളുടെ ഒഴിവിലാണ് ജോമോളെ നിയമിച്ചത്.