എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും സർക്കാരാണ് അത് തീരുമാനിക്കേണ്ടതെന്നും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹിയായി നടി ജോമോളെ തെരഞ്ഞെടുത്തുവെന്നും സിദ്ദിഖ് പറഞ്ഞു. കൊച്ചിയിൽ ചേർന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം അവസാനിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിവുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പോസ്റ്റിലേക്കാണ് ജോമോളെ തെരഞ്ഞെടുത്തത്. നടൻ സത്യന്റെ മകനെ അമ്മയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി ഉൾപ്പെടെ ആലോചിക്കും. ഇനി പരാതി ഉണ്ടാകാതിരിക്കാൻ നിയമ വിദഗ്ധരുമായി ചർച്ച ചെയ്യും.
സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണിൽ ബന്ധപ്പെടും. മെമ്പർഷിപ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി സംഘടനക്ക് നടൻ പിഷാരടി കത്ത് നൽകിയിരുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രമേശ് പിഷാരടി വിജയിച്ചിട്ടും ഭരണസമിതിയിൽ നാല് സ്ത്രീകൾ വേണമെന്ന നിയമമുള്ളതിനാൽ അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. ഇതിനെതിരെയാണ് പിഷാരടി കത്തയച്ചത്.