രണ്ട് ചിത്രങ്ങൾ കൊണ്ട് സിനിമാ മേഖലയിൽ തന്റെതായ ഇടം നേടിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ആദ്യ ചിത്രമായ നേരം ഹിറ്റടിച്ചെങ്കിൽ രണ്ടാം ചിത്രമായ പ്രേമം സൂപ്പർഹിറ്റായിരുന്നു. തന്നെ ചില സിനിമകളിൽ പ്രതിനായക വേഷത്തിലേക്ക് വിളിച്ചിരുന്നെന്ന് തുറന്ന് പറയുകയാണ് അൽഫോൺസ് പുത്രൻ.
സൗബിന്റെ സംവിധാനത്തിലിറങ്ങിയ പറവയിലും ഫഹദ് നായകനായ ട്രാന്‍സിലുമാണ് തന്നെ അഭിനയിക്കാൻ ക്ഷണമുണ്ടായിരുന്നതെന്ന് അൽഫോൺസ് വെളിപ്പെടുത്തുന്നു. ആ സമയത്ത് ആരോഗ്യസ്ഥിതി വളരെ മോശമായതിനാലാണ് രണ്ട് സിനിമകളും കമ്മിറ്റ് ചെയ്യാത്തതെന്നും സംവിധായകൻ പറഞ്ഞു.
ട്രാന്‍സില്‍ ഗൗതം വാസുദേവ് മേനോന്റെ സഹായിയായും, പറവയില്‍ സൗബിന്‍ ചെയ്ത വേഷത്തിലേക്കുമാണ് തന്നെ വിളിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ഇപ്പോൾ തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതായും ഇനി ആരുവിളിച്ചാലും താൻ അഭിനയിക്കാൻ തയ്യാറാണെന്നും അൽഫോൺസ് വ്യക്തമാക്കി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.