ചെന്നൈ: വിദേശത്ത് കടത്താൻ ശ്രമിച്ച ആറ് പുരാതന ഹൈന്ദവ വിഗ്രഹങ്ങൾ പിടികൂടി പോലീസ്. തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ നിന്ന് ചെന്നൈ വഴി വിദേശത്ത് കടത്താൻ ശ്രമിച്ച വിഗ്രഹങ്ങൾ ഏകദേശം 22 കോടി രൂപ വിലവരുന്നവയാണ്. തമിഴ്നാട് പോലീസിന്റെ ഐഡൽ വിങ് സിഐഡി ഉദ്യോഗസ്ഥരാണ് വിഗ്രഹങ്ങൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് കണ്ണൻ, ലക്ഷ്മണൻ, തിരുമുരുഗൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോഹ വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഐഡൽ വിംഗ് സിഐഡി റേഞ്ച് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 13 പ്രത്യേക സംഘങ്ങളായി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ മാസം ആറാം തിയതി തിരുച്ചിറപ്പള്ളി സർക്കിളിലെ പ്രത്യേക സംഘം തഞ്ചാവൂരിന് സമീപം എസ്‌യുവി കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.
അഞ്ച് വർഷം മുൻപ് മയിലാടുതുറൈയിലെ കൊറുക്കൈ ഗ്രാമത്തിൽ വീട് പണിയുന്നതിനായി ഭൂമി കുഴിച്ചപ്പോഴാണ് 64കാരനായ ലക്ഷ്മണന് ഈ വിഗ്രഹങ്ങൾ കിട്ടിയതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. വിവരം സർക്കാരിൽ നിന്ന് മറച്ചുവച്ച ഇയാൾ സുഹൃത്തുക്കളായ രാജേഷ് കണ്ണൻ, തിരുമുരുഗൻ എന്നിവരുമായി ചേർന്ന് വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്താൻ പദ്ധതിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.