നാഗോൺ: പ്രളയക്കെടുതി രൂക്ഷമായ അസമിലെ കാസിരംഗ ദേശീയോദ്യോനത്തിൽ 137 ഓളം വന്യമൃഗങ്ങൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. വന്യജീവി സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ സൊണാലി ഘോഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം രണ്ട് കാണ്ടാമൃഗങ്ങൾ, രണ്ട് ആനക്കുട്ടികൾ, രണ്ട് മ്ലാവുകൾ, 87 മാനുകൾ എന്നിവ ഉൾപ്പെടെ 99 വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.
104 മാനുകളും 6 കാണ്ടാമൃഗങ്ങളും രണ്ട് മ്ലാവുകളും വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. 22ഓളം മൃഗങ്ങൾ പ്രളയത്തെ തുടർന്നുണ്ടായ മറ്റ് പ്രശ്‌നങ്ങൾ മൂലവും ചത്തതായി അധികൃതർ പറയുന്നു. വന്യജീവി സങ്കേതത്തിലെ 233 ഫോറസ്റ്റ് ക്യാമ്പുകളിൽ 70 ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും അധികൃതർ അറിയിച്ചു .
അതേസമയം വെള്ളപ്പൊക്കം രൂക്ഷമായ സംസ്‌ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു. 28 ജില്ലകളിലായി 27.74 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഗോൽപാറ, നാഗൺ, നൽബാരി, കാംരൂപ്, മോറിഗൺ, ദിബ്രുഗഡ്, സോനിത്ത്പുർ, ലാഖീമ്പുർ, സൗത്ത് സൽമാരാ, ധുബ്രി, ജോർഹത്, ചാരൈടെയോ, ഹോജയ്, കരിംഗഞ്ച്, ശിവസാഗർ, ബോൻഗിഗൺ, ബാർപേട്ട, ധെമാജി, ഹൈലക്കണ്ടി, ഗോലാഘാട്, ദരങ്, ബിശ്വനാഥ്, കച്ചർ, കാംരൂപ് (എം), തീൻസുകിയ, കർബി ആങ്‌ലോങ്, ചിരാങ്, കർബി ആങ്‌ലോങ് വെസ്റ്റ്, മജുലി എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. എൻഡിആർഎഫ് , എസ്ഡിആർഎഫ്, അഗ്നിശമനസേന, ഇന്ത്യൻ ആർമി, അർദ്ധസൈനിക സേന തുടങ്ങീ നിരവധി സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി സംസ്‌ഥാനത്ത് സജ്ജമായിട്ടുള്ളത്.