ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിൽ 211 അടി ഉയരത്തിൽ കൊടിമരവും , പതാകയും സ്ഥാപിക്കുന്നു .ഇതിനായി അഹമ്മദാബാദിൽ നിന്ന് പ്രത്യേക സ്തംഭം എത്തിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ എൻജിനീയർമാർ പ്രത്യേക രീതികളും അവലംബിക്കുന്നുണ്ട്.
അഹമ്മദാബാദിലെ അംബിക എഞ്ചിനീയറിംഗ് കമ്പനിയിലാണ് കൊടിമരം തയ്യാറാക്കിയിരിക്കുന്നത്. എട്ട് പതിറ്റാണ്ടുകളായി കമ്പനി കൊടിമരങ്ങൾ ഗ്രന്ഥങ്ങൾ അനുസരിച്ച് നിർമ്മിക്കുന്നുണ്ട് . പൂർണ്ണമായും പിച്ചള കൊണ്ട് നിർമ്മിച്ച ഈ തൂണിന് 44 അടി ഉയരമുണ്ട്. വീതി 9.5 ഇഞ്ച് ആണ്. 55 ക്വിൻ്റലാണ് ഭാരം. ഇതിന് പുറമെ 20 അടി നീളമുള്ള ആറ് കൊടിമരങ്ങൾ കൂടി രാമക്ഷേത്രത്തിനായി നിർമ്മിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഊർജം രാമക്ഷേത്രത്തിലെത്താനാണ് ഈ പ്രത്യേക തരം കൊടിമരം നിർമിച്ചതെന്ന് ചമ്പത് റായ് പറഞ്ഞു.
പ്രധാന കൊടിമരങ്ങളടക്കം ഏഴ് കൊടിമരങ്ങളാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കുക. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന കൊടിമരത്തിന്റെ ഉയരം 44 അടി ആയതിനാൽ, അതിന് മുകളിൽ നിരവധി കലശങ്ങൾ സ്ഥാപിക്കും. അതോടെ കൊടിമരത്തിന്റെ ഉയരം ആകെ ഉയരം 211 അടിയാകുമെന്നും ചമ്പത് റായ് പറഞ്ഞു.















