ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വിസി നിയമനത്തിൽ മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ തലവനായാണ് നിയമനം.
സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ സർക്കാരും ചാൻസലറായ ഗവർണർ സിവി ആനന്ദബോസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
പാനൽ രൂപീകരണത്തിന് സംസ്ഥാന സർക്കാരും ഗവർണറുടെ ഓഫീസും യോജിപ്പിലെത്തിയ സാഹചര്യത്തിൽ രണ്ട് ആഴ്ചയ്‌ക്കകം കമ്മിറ്റി രൂപീകരിക്കണമെന്ന് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
ഒന്നോ അതിലധികമോ സർവകലാശാലകൾക്കായി പ്രത്യേകമായോ അല്ലെങ്കിൽ സംയുക്തമായോ സെർച്ച് കം-സെലക്ഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ പാനൽ ചെയർപേഴ്‌സണെ സുപ്രീം കോടതി അധികാരപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സംസ്ഥാന സർക്കാരിന്റെ നോഡൽ ഡിപ്പാർട്ട്മെന്റായി നാമനിർദ്ദേശം ചെയ്ത കോടതി വൈസ് ചാൻസലർ പദവിയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള വിജ്ഞാപനം എത്രയും പെട്ടന്ന് പുറത്തിറക്കണമെന്ന് ഉത്തരവിട്ടു. എതിരഭിപ്രായമുള്ളവരുടെ വാദം കേൾക്കാൻ അവസരം നൽകിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.