ലക്നൗ: സത് സംഗിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദികൾ പരിപാടിയുടെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം. 119 പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന്റെ ഉത്തരവാദികൾ സംഘാടകരെന്ന് വ്യക്തമായത്. അനുവദിച്ചതിലും കൂടുതൽ ആളുകളെ പരിപാടിയിൽ പങ്കെടുപ്പിച്ചതാണ് അപകട കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും സംഘാടകരുടെ ഭാഗത്ത് നിന്ന് വലിയ പിഴവാണ് ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. സത് സംഗിന് അനുമതി നൽകിയ മുതിർന്ന ഉദ്യോഗസ്ഥരായ ആശിഷ് കുമാർ, എസ്പി നിപുൺ അഗർവാൾ, എസ്ഡിഎം, സിഒ സികന്ദ്രറാവു എന്നിവരേയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു.
പ്രത്യേക അന്വേഷണ സംഘം 300 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ കാൽപ്പാദമേറ്റ മണ്ണ് ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സദസിലുണ്ടായിരുന്നവർ വേഗത്തിൽ മണ്ണ് ശേഖരിക്കാൻ തുടങ്ങുകയും തിരക്കിനിടയിൽപെടുകയുമായിരുന്നു. ഉത്തർപ്രദേശ് ജുഡീഷ്യൽ കമ്മീഷൻ സംഘവും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംത് സംഗിനിടെയുണ്ടായ അപകടം മനഃപൂർവ്വം കരുതികൂട്ടി നടത്തിയ ആക്രമണമാണെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. അജ്ഞാതർ വിഷവാതകം സദസിലേക്ക് എറിഞ്ഞതാണെന്നും പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.















