കൊച്ചി: കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിച്ച സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിക്കെതിരെ കേസ്. എസ്എഫ്ഐ നേതാവ് രോഹിത്തിനെതിരെയാണ് കേസ്. കാലടി പൊലീസാണ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
കോളേജിലെ 20 വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഫോണുകൾ പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പിറന്നാളിന് സുഹൃത്തുക്കൾ പെൺകുട്ടിയുടെ ഫോട്ടോ സ്റ്റാറ്റസാക്കി ഇട്ടിരുന്നു. ഈ ചിത്രം അശ്ലീല പേജിൽ കണ്ടുവെന്ന് മറ്റ് ചിലരിൽ നിന്നാണ് വിവരം ലഭിക്കുന്നത്. തുടർന്നാണ് വിദ്യാർത്ഥിനി പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണമാണ് വിദ്യാർത്ഥി നേതാവായിരുന്ന രോഹിത്തിലേക്കെത്തുന്നത്.
കോളേജിന് സമീപത്ത് താമസിക്കുന്നയാളാണ് രോഹിത്ത്. കോളേജിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രഫറുമാണ് ഇയാൾ. നിരന്തരം കോളേജിലെത്താറുണ്ട്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. വളരെ തരംതാണ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഗൗരവമേറിയ കേസാണെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് രോഹിത്തിനെതിരെ ചുമത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.















