ന്യൂഡൽഹി : കത്വ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് . സംഭവം വേദനയുളവാക്കുന്നതായും ഈ ദുഷ്കരമായ സമയത്ത് രാജ്യം അവരുടെ കുടുംബാംഗങ്ങളോടൊപ്പം നിലകൊള്ളുന്നതായും മന്ത്രി അറിയിച്ചു.
“കത്വയിലെ ബദ്നോട്ടയിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനീകർ വീരമൃത്യു വരിച്ച സംഭവം അഗാധമായ വേദനയുണ്ടാക്കുന്നു. ഈ ദുർഘടമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. രാജ്യം മുഴുവൻ ഈ സമയം അവരോടൊപ്പമുണ്ട്. സ്‌ഥലത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . മേഖലയിൽ ക്രമസമാധാനം നടപ്പിലാക്കാൻ സൈന്യം സജ്ജമാണ് . ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു”, പ്രതിരോധമന്ത്രി എക്‌സിൽ കുറിച്ചു .
കത്വ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ മാറി മൽഹാറിലെ ബദ്‌നോട്ട ഗ്രാമത്തിൽ ഇന്നലെയാണ് ഭീകരാക്രമണമുണ്ടായത്. സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെ കുന്നിൻമുകളിൽ നിന്നും സൈനിക വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്ത ശേഷം ഗ്രനേഡുകൾ വലിച്ചെറിയുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരർ അടുത്തുള്ള വനത്തിലേക്ക് പിൻവാങ്ങുകയായിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തെ തുടർന്ന് സിഐഎസ്എഫ് , സിആർപിഎഫ് , ജമ്മുകശ്മീർ പൊലീസ് തുടങ്ങിയ സേനകളെ ഉധംപൂരിലെ ദേശീയ പാതയിൽ (NH44) വിന്യസിച്ചിട്ടുണ്ട്.