തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ താമസക്കാരായ 8 പേർ വയറിളക്കം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് ഹോസ്റ്റലിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇതേ ഹോസ്റ്റലിലെ യുവാവ് മരിച്ചത് കോളറയെ തുടർന്നാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ അനുവാണ്(26) കഴിഞ്ഞ ദിവസം മരിച്ചത്. ഇയാൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. 2017 ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ ബാധിച്ച് മരണം സംഭവിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്ക് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
കോളറ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്നും രോഗലക്ഷണമുള്ളവർ കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ ചികിത്സതേടണമെന്നാണ് നിർദ്ദേശം. ആവശ്യമെങ്കിൽ രോഗികളെ ഐരാണിമുട്ടം ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.