സാധാരണക്കാരന്റെ ജീവിതമാണ് കനകരാജ്യത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് നടൻ മുരളീ ഗോപി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു നടൻ മുരളീ ഗോപിയും സംവിധായകൻ സാഗറും.
നല്ലൊരു ചെറിയ സിനിമയാണ് കനകരാജ്യമെന്നാണ് മുരളീ ഗോപി ലൈവിൽ പറയുന്നത്. ചിത്രത്തിന്റെ സംവിധായകനായ സാഗറിന്റെ നാട്ടിലെ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ സിനിമ ചെയ്തത്. സംവിധായകൻ സാഗറിന്റെ നാട് ആലപ്പുഴയിലാണ്. അവിടത്തെ ഒരു തെരുവാണ് മുല്ലക്കൽ. രാത്രി അവിടെ ഇരിക്കുമ്പോൾ കുറെയേറെ കഥകൾ കേൾക്കാൻ കഴിയും. അവിടെ നിന്നും കിട്ടിയൊരു കഥയാണ് കനകരാജ്യത്തിലുള്ളത്.
വലിയ ബഹളമൊന്നും ഇല്ലാതെ ഫീൽ ഗുഡ് ജോണറിലുള്ളൊരു സിനിമയാണ് കനകരാജ്യമെന്നാണ് മുരളി ഗോപി പറഞ്ഞത്. ഈ കൊച്ചു പടം ജനമനസ്സുകളിൽ വലിയ സ്ഥാനം പിടിച്ചു, സിനിമയിലെ അവസാന ഭാഗം കണ്ണു നിറച്ചു, ഇതുപോലുള്ള നല്ല സിനിമകൾ ഇനിയും പിറക്കട്ടെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ലൈവിൽ നിറഞ്ഞത്.
ഇന്ദ്രൻസും മുരളീ ഗോപിയും പ്രധാനകഥാപങ്ങളിലെത്തി സാഗർ സംവിധാനം ചെയ്ത കനകരാജ്യം ഈ മാസം 6-നാണ് തിയേറ്ററിലെത്തിയത്. സാധാരണക്കാരുടെ ജീവിതം തന്മയത്വത്തോടെ വരച്ചു കാട്ടുന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.
ലിയോണ, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലച്ചേരി, ആതിര പട്ടേൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.















