ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം നടൻ കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് നീല പൊന്മാനെ വരച്ചത്.
ഇത്തവണത്തെ ഭാഗ്യ ചിഹ്നമായി നീലപൊന്മാൻ കിട്ടിയതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തന്റെ മുത്തശ്ശൻ 1975-ൽ ‘നീലപൊന്‍മാന്‍’ എന്ന പേരില്‍ ഒരു സിനിമ നിർവഹിച്ചിട്ടുണ്ട്. അതിനാലാണ് ഇരട്ടി സന്തോഷമുള്ളതെന്നും താരം വ്യക്തമാക്കി.
സിബിമലയിൽ സംവിധാനം ചെയ്ത ജലോത്സവത്തിൽ അഭിനയിക്കുമ്പോഴാണ് ആദ്യമായി ചുണ്ടൻ വള്ളത്തിൽ കയറുന്നത്. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരന്‍ എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി ആ രംഗം നന്നായി ചിത്രീകരിച്ചെന്നും നടൻ ഓർമിച്ചു.
പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങളൊക്കെ മനോഹരമായി അഭിനയിക്കാൻ കഴിയുന്നത്. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.















