മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം ദേവദൂതൻ വീണ്ടുമെത്തുന്നു. ചിത്രം റീ റിലീസ് ചെയ്യുന്ന വിവരം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. റീ റിലീസ് സ്ഥിരീകരിക്കുന്ന തരത്തിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവക്കുകയും ചെയ്തു. ഇപ്പോഴിതാ ദേവദൂതന്റെ ട്രെയിലറാണ് പുറത്തുവരുന്നത്. ഫെയ്സ്ബുക്കിലൂടെ മോഹൻലാലാണ് ട്രെയിലർ പങ്കുവച്ചത്.
എച്ച് ഡി ക്വാളിറ്റിയോടെയുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ കോർത്തിണക്കിയ വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഉൾപ്പെടുത്തി വലിയൊരു ദൃശ്യവിരുന്നാണ് ട്രെയിലർ സമ്മാനിക്കുന്നത്. ഈ മാസം 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. 4k ദൃശ്യമികവിലും ശബ്ദത്തിലുമാകും സിനിമ പുനരവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.















