തൃശൂർ: ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പിനെ കണ്ടെത്തി. പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പ് കയറിക്കൂടിയത്. എൽഎഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് കുട്ടി.
സ്കൂളിലെത്തിയ പെൺകുട്ടി ആദ്യ പിരീഡ് തുടങ്ങിയപ്പോൾ പുസ്തകം എടുക്കാൻ ബാഗ് തുറന്ന് നോക്കിയപ്പോഴാണ് അപരിചതമായ വസ്തു കയ്യിൽ തട്ടിയത്. ഉടൻ തന്നെ കൈവലിച്ച് ബാഗ് വിശദമായി പരിശോധിച്ചപ്പോൾ പാമ്പിനെ കാണുകയായിരുന്നു. ഇതുകണ്ട സഹപാഠി ബാഗിന്റെ സിബ്ബ് പെട്ടെന്ന് തന്നെ അടയ്‌ക്കുകയും ചെയ്തു.
വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്ന് പാമ്പ് കയറിക്കൂടിയതാകാമെന്നാണ് നിഗമനം. മഴക്കാലമായതിനാൽ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് സ്കൂൾ പ്രിൻസിപ്പൽ ജ്യോതി മരിയ നിർദേശിച്ചു.















