ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ)യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 2019-ലാണ് എസ്എഫ്‌ജെ കേന്ദ്രം ആദ്യമായി നിരോധിച്ചത്. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവാണ് ഈ സംഘടന രൂപീകരിച്ചത്.
സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമാധാനം, ഐക്യം, അഖണ്ഡത എന്നിവ തകർക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ചിരിക്കുന്നത്. പഞ്ചാബിൽ എസ്എഫ്ജെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പന്നുവിന്റെ സംഘടന തീവ്രവാദ സംഘടനകളുമായും ആക്ടിവിസ്റ്റുകളുമായും അടുത്ത ബന്ധം പുലർത്തുന്നു, ഇന്ത്യൻ യൂണിയൻ പ്രദേശത്ത് നിന്ന് ഒരു പരമാധികാര ഖലിസ്ഥാനെ രൂപീകരിക്കാൻ ഇവർ ശ്രമിക്കുന്നു. ഇതിനായി വിദേശങ്ങളിൽ നിന്നുള്ള വിഘടനവാദ സംഘടനകളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഖാലിസ്ഥാൻ അനുകൂല സംഘടനായ എസ്എഫ്‌ജെ രാജ്യത്തിന്റെ ഒരു ഭാഗം അടർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനായി നിരവധി വിഘടനവാദ സംഘടനകളെ പിന്തുണച്ചതായും പ്രസ്താവനയിൽ പറയുന്നു. എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടൻ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തിന് ദോഷകരമായ കാര്യങ്ങൾ ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. പന്നൂന്റെ നേതൃത്വത്തിലുള്ള സംഘടന പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഖാലിസ്ഥാൻ രൂപീകരിക്കാനും ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
എസ്എഫ്‌ജെ എന്ന സംഘടന പഞ്ചാബിൽ വിഘടനവാദവും തീവ്രവാദ പ്രത്യയശാസ്ത്രത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഇവർ വിദേശങ്ങളിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനയായ എസ്എഫ്ജെയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ 2019 ൽ സർക്കാർ വ്യക്തമാക്കിയത്.
യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് 2007-ൽ സിഖ്‌സ് ഫോർ ജസ്റ്റിസ് സ്ഥാപിച്ചത്. പഞ്ചാബിലുള്ളവർക്ക് ഖാലിസ്ഥാൻ എന്ന രാജ്യം സ്ഥാപിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഗുർപത്വന്ത് സിംഗ് പന്നൂനെ 2020-ൽ കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ചു.