സിനിമ ലോകത്ത് നിന്ന് വിരമിക്കുന്നതായി ഹോളിവുഡ് സൂപ്പർസ്റ്റാർ നിക്കോളാസ് കേജ്. മൂന്നോ നാലോ സിനിമകളിൽ കൂടി നായകനായി എത്തിയ ശേഷമാകും അഭിനയത്തോട് ഗുഡ് ബൈ പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് വിരമിക്കലിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നിൽ ഇനി മൂന്നോ നാലോ സിനിമകൾ മാത്രമാകാം ശേഷിക്കുന്നത്.
എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ പറഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്. എന്റെ കഴിവിന്റെ പരമാവധിയോളം പ്രകടനങ്ങളും കാഴ്ചവച്ചു. രണ്ടോ മൂന്നോ സപ്പോർട്ടിംഗ് റോളുകളും ചെയ്തു. ഇനി മൂന്നോ നാലോ പ്രധാന കഥാപാത്രങ്ങളും കൂടിയുണ്ടാകും–കേജ് പറഞ്ഞു.
1981-ൽ ഒരു ടെലിവിഷൻ പരിപാടിയിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. ആക്ഷൻ സിനിമകളിലൂടെ പ്രശസ്തനായ താരത്തിന് ലീവിംഗ് ലാസ് വെഗാസിലെ (1995) അഭിനയത്തിന് അദ്ദേഹത്തിന് അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചു .
ദി റോക്ക്, കോൺ എയർ,ഫേസ് ഓഫ്, ഗോൺ ഇൻ 60 സെക്കൻ്റസ്, നാഷണൽ ട്രഷർ, ഗോസ്റ്റ് റൈഡർ,അഡാപ്റ്റേഷൻ എന്നിവയാണ് ജനപ്രീയ ചിത്രങ്ങൾ. 1964 ജനുവരി ഏഴിന് അമേരിക്കയിൽ ജനിച്ച താരത്തിന്റെ പൂർണ നാമം നിക്കോളാസ് കിം കോപ്പൊള എന്നാണ്. അഞ്ചുതവണ വിവാഹിതനായ താരത്തിന് മൂന്ന് മക്കളുമുണ്ട്.















