വിയന്ന: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ. വിയന്ന വിമാനത്താവളത്തിലെത്തിയ മോദിയെ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് സ്വാഗതം ചെയ്തു. 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983-ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി രാജ്യം സന്ദർശിച്ചത്.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തുമെന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഓസ്ട്രിയൻ പ്രതിനിധികളുമായി ഉന്നതതല ചർച്ചകൾ നടക്കും. ഓസ്ട്രേിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻഡെർ ബെല്ലനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിയന്നയിലെ റിറ്റ്സ്- കാൾട്ടൺ ഹോട്ടലിലെത്തിയ മോദിയെ കലാകാരന്മാർ വന്ദേമാതരം പാടി സ്വാഗതം ചെയ്തു. ഹോട്ടൽ പരിസരത്ത് തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
















