ഇടുക്കി: വനവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിന്റെ ഒരു ലിറ്റർ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. നിരോധിത വെളിച്ചെണ്ണയാണെന്ന് അറിയാതെയാണ് വനവാസികൾ ഭക്ഷണം പാകം ചെയ്തത്. ഇത് ഉപയോഗിച്ച ചില ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്‌ക്ക് അയച്ചു.
മഴക്കാലത്തിന് മുന്നോടിയായി വനവാസി ഊരുകളിലെത്തിച്ച ഭക്ഷ്യ കിറ്റുകളിലാണ് ഗുരുതര ക്രമക്കേട് നടന്നത്. വെള്ളിയാമറ്റം , പൂച്ചപ്ര വണ്ണപ്പുറം ഭാഗങ്ങളിലെ 11 ലേറെ വനവാസി ഊരുകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. സംഭവത്തിൽ വിശദീകരണവുമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രംഗത്തെത്തി. ആരോഗ്യ പ്രശ്‌നത്തിന് കാരണമായത് വെളിച്ചെണ്ണയാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.
സർക്കാർ അംഗീകൃത ഏജൻസികൾ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്.
സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ വനവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിലും നിരോധിത വെളിച്ചെണ്ണയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് ആദിവാസി ഏകോപന സമിതി ഉന്നയിക്കുന്നത്. പായ്‌ക്കറ്റിന് പുറത്തെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുമ്പോൾ നമ്പർ നിലവിലില്ലെന്നാണ് പറയുന്നതെന്നും ആക്ഷേപമുണ്ട്.















