കറികളിലും ബിരിയാണിയിലുമെല്ലാം രുചി വർദ്ധിപ്പിക്കുന്നതിന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലവർഗ്ഗമാണ് മല്ലിയില. നോർത്ത് ഇന്ത്യൻ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായ മല്ലിയില, ഇപ്പോൾ നമ്മുടെ നാട്ടിലെ വിഭവങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ്. വളരെ ചെറിയ വിലയിൽ തന്നെ ഇവ മാർക്കറ്റുകളിൽ ഇന്ന് സുലഭവുമാണ്.
ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയിൽ വിൽക്കുന്ന മല്ലിയിലയുടെ വിലയാണ് ഏവരിലും അമ്പരപ്പുണ്ടാക്കുന്നത്. നൂറ് ഗ്രാമിന് 131 രൂപ നിരക്കിലാണ് മല്ലിയില സെപ്‌റ്റോയിൽ വിൽപ്പനയ്‌ക്കായി വച്ചിരിക്കുന്നത്. അതും 22 ശതമാനം ഡിസ്‌കൗണ്ട് കിഴിച്ച്. 169 രൂപയാണ് ഒരുപിടി മല്ലിയിലയ്‌ക്ക് വിലയായി നൽകിയിരിക്കുന്നത്. ഇതിന് 22 ശതമാനം കിഴിവിന് ശേഷം 131 രൂപയ്‌ക്ക് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നു.
സാധാരണ മല്ലിയിലയ്‌ക്ക് പുറമെ പ്രീമിയം മല്ലിയിലയും ഇക്കൂട്ടത്തിൽ വിൽപ്പനയ്‌ക്കായി വച്ചിട്ടുണ്ട്. 141 രൂപയാണ് പ്രീമിയം മല്ലിയിലയുടെ വില. 179 രൂപയാണ് ഇതിന് യഥാർത്ഥ വിലയായി ഇട്ടിരിക്കുന്നത്. ഡിസ്‌കൗണ്ട് കിഴിച്ചാണ് 141 രൂപയ്‌ക്ക് നൽകുന്നത്. ഗുഡ്ഗാവ് സ്വദേശിയായ വ്യക്തിയാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
സെപ്‌റ്റോയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഇതോടെ ഉയർന്നത്. ഇത് പകൽക്കൊള്ളയാണെന്നും, ഇവരെ ബഹിഷ്‌കരിക്കണമെന്നുമാണ് ആളുകൾ ഇതിന് താഴെ മറുപടിയായി പറയുന്നത്. ഈ വിലയ്‌ക്ക് ഡ്രൈ ഫ്രൂട്ട്‌സ് മേടിക്കാൻ സാധിക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്. സാധാരണ പച്ചക്കറി മേടിക്കുമ്പോൾ മല്ലിയില സൗജന്യമായി കിട്ടാറുണ്ടെന്നും, ഇത്ര വലിയ വില കൊടുത്ത് 100 ഗ്രാം മല്ലിയില ആരു വാങ്ങുമെന്നുമാണ് മറ്റൊരു ചോദ്യം.