ചെറിയൊരു അസുഖമോ മുറിവോ വന്നാൽ പോലും മാനസികമായി തളരുകയും തന്നെ കൊണ്ട് ഒന്നും സാധിക്കില്ലെന്നും ചിന്തിക്കുന്നവർക്ക് മാതൃകയായി ഒരു യുവാവ്. കാസർകോട് ചെറുപ്പ സ്വദേശിയായ രാജീവാണ് വെല്ലുവിളികൾ നേരിടുമ്പോഴും ധൈര്യത്തോടെ ജീവിതത്തിന്റെ പടർപ്പുകൾ കയറുന്നത്. ഒരു അപകടത്തെ തുടർന്ന് വീൽച്ചെയറിലാണെങ്കിലും പ്രതിസന്ധികളെയും വിഷമങ്ങളെയും ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട് ജീവിത യാത്ര തുടരുകയാണ് രാജീവ്.
പ്രതിസന്ധിയിൽ തളർന്ന് വിധിയെന്ന് പഴിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണ് രാജീവിന്റെ ജീവിതം. എട്ട് വർഷം മുമ്പ് കെട്ടിട നിർമാണ ജോലിക്കിടെയാണ് രാജീവ് അപകടത്തിൽപ്പെട്ടത്. എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു ആ അപകടം. എന്നാൽ ജീവിതത്തിൽ കൂടെയുണ്ടായിരുന്നവരുടെ പിന്തുണയോടെ നിറങ്ങളെ കൂടെ കൂട്ടുകയാണ് യുവാവ്.
നെറ്റിപ്പട്ടം നിർമിച്ചും കഥകളി രൂപം നിർമിച്ചുമാണ് രാജീവിന്റെ ഉപജീവനമാർഗം മുന്നോട്ട് പോകുന്നത്. കലാരൂപങ്ങൾ വാങ്ങാൻ നിരവധി ആവശ്യക്കാരാണ് എത്തുന്നത്. ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിനെയും നമുക്ക് കീഴടാക്കമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജീവിന്റെ ജീവിതം.
അപകടത്തിൽ കാലിന് താഴേക്കാണ് തളർന്നുപോയതെന്നും പരിശ്രമിച്ചാൽ എന്തും നേടാനാകുമെന്നതിന്റെ തെളിവാണ് താനെന്നും രാജീവ് പ്രതികരിച്ചു. ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ജനങ്ങളുടെ സഹായത്തോടെ വീൽചെയറിലേക്ക് മാറി. പിന്നീട് തണൽ ഏറ്റെടുത്ത് സൗജന്യമായി ചികിത്സിച്ചു. പുറത്തേക്കിറങ്ങാനും കലാരംഗത്തേക്ക് ഇറങ്ങാനുമുള്ള പ്രചോദനം തണലിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്നും രാജീവ് പറഞ്ഞു.