വിയന്ന: നിഷ്കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു മോദിയുടെ വാക്കുകൾ. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടന്നത്. ആഗോള സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ, സമവായ-നയതന്ത്ര ചർച്ചകൾ വഹിക്കുന്ന പങ്കുവലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമിപ്പിച്ചു.
യുദ്ധമുഖത്ത് വച്ച് യുദ്ധത്തിന് പരിഹാരം കാണുക സാധ്യമല്ല. ഇക്കാര്യം നേരത്തെ താൻ സൂചിപ്പിച്ചിട്ടുള്ളതാണ്. നിഷ്കളങ്കരായ ജനതയെ കൊന്നൊടുക്കുന്ന പ്രവൃത്തി, അത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണ്. സംഭാഷണത്തിനും നയന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം റഷ്യ സന്ദർശിച്ച മോദി, പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ ഇക്കാര്യം ആവർത്തിച്ചിരുന്നു. സംഘർഷങ്ങൾക്ക് സമവായ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും കുട്ടികൾ കൊല്ലപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണെന്നും അദ്ദേഹം പുടിനോട് പറഞ്ഞു. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് തടയിടാൻ നരേന്ദ്രമോദിയുടെ സന്ദർശനം സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.















