ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ എൽവിഷ് യാദവ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസയച്ച് ഇഡി. എൽവിഷ് യാദവ് നടത്തിയ നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. ജൂലൈ 23 ന് ഹാജരാകാനാണ് നിർദ്ദേശം.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ പൊലീസ് എൽവിഷിനും മറ്റ് പ്രതികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മെയ്യിൽ കേസ് ഏറ്റെടുത്ത ഇഡി കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമ (PMLA ) പ്രകാരമുള്ള വകുപ്പുകൾ കൂടി ഇവർക്കെതിരെ ചുമത്തുകയായിരുന്നു. കേസിൽ എൽവിഷ് യാദവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഹരിയാന സ്വദേശിയായ ഗായകൻ രാഹുൽ യാദവിനെ ഇഡി കഴിഞ്ഞ ആഴ്‌ച ചോദ്യം ചെയ്തിരുന്നു.
പാർട്ടികളിൽ ലഹരിക്കൊപ്പം ഉത്തേജന മരുന്നായി പാമ്പിന്റെ വിഷം ഉപയോഗിച്ചെന്ന സംശയത്തെ തുടർന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 17 ന് നോയിഡ പോലീസ് എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് OTT 2 ന്റെ വിജയി കൂടിയായ എൽവിഷിനെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (NDPS ) ആക്ട്, വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തി നോയിഡ പൊലീസ് കേസെടുത്തിരുന്നു.