വിയന്ന: കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഓസ്ട്രിയയും ധാരണയായി. സൗരോർജസഖ്യം, ജൈവ ഇന്ധനസഖ്യം തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് ചർച്ചയെ തുടർന്നുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി അറിയിച്ചു.
മൂന്നാം എൻഡിഎ സർക്കാരിന്റെ ആരംഭഘട്ടത്തിൽ തന്നെ ഓസ്ട്രിയ സന്ദർശിക്കാൻ അവസരം ലഭിച്ചുവെന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം ചരിത്രപരവും വിശേഷപ്പെട്ടതുമാണ്. 41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തിയിരിക്കുന്നു. ഓസ്ട്രിയൻ ചാൻസലറുമായി വളരെ അർത്ഥവത്തായ ചർച്ച നടത്താൻ കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. ഈ സുഹൃദ്ബന്ധം തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളും ചർച്ചയുടെ ഭാഗമായി. അടിസ്ഥാന സൗകര്യവികസനം, പുനരുപയോഗ ഊർജം, ഹൈഡ്രജൻ, വെള്ളം, മാലിന്യ സംസ്കരണം, നിർമിത ബുദ്ധി എന്നീ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ഇരുരാഷ്‌ട്രവും ചർച്ച ചെയ്തു.
മനുഷ്യരാശി നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നിവയടക്കമുള്ള വിഷയങ്ങളും ചർച്ചയായി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ചില സംരംഭങ്ങളുടെ ഭാഗമാകാൻ ഓസ്ട്രിയയെ ക്ഷണിക്കുന്നതായും മോദി പറഞ്ഞു. അന്താരാഷ്‌ട്ര സൗരോർജസഖ്യം, ജൈവ-ഇന്ധന സഖ്യം എന്നിവയുടെ ഭാഗമാകാനാണ് ഓസ്ട്രിയയെ ക്ഷണിച്ചത്. ഇരുരാജ്യങ്ങളും ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒരുകാരണവശാലും നീതീകരിക്കാൻ കഴിയാത്തതാണ് ഭീകരവാദമെന്ന് വ്യക്തമാക്കുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രിയ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പ്രസിഡന്റ് അലക്സാണ്ടർ വൺ ഡർ ബല്ലേൺ, ചാൻസിലർ കാൾ നെഹാമ്മർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് പുലർച്ചയോടെയാണ് നരേന്ദ്രമോദി ഓസ്ട്രിയയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഓസ്ട്രിയൻ ചാൻസിലർ നേരിട്ടെത്തിയിരുന്നു.















