ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിക്ക് സമീപം 108 കിലോയോളം സ്വർണ്ണം പിടിച്ചെടുത്ത് ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). കള്ളക്കടത്ത് നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് ജൂലൈ 9 ന് ചിസ്മുലെ, നർബുല ടോപ്പ്, സാക്ലെ, സക്‌ല തുടങ്ങിയ പ്രദേശങ്ങളിൽ ആരംഭിച്ച ലോംഗ് റേഞ്ച് പട്രോളിംഗ് ഓപ്പറേഷനിലാണ് പൊലീസ് സ്വർണ്ണം പിടികൂടിയത്.
#ITBP Seizes 108 Gold Biscuits!
On 09-07-24, a team led by DC Sh. Deepak Bhatt from the 21 BN conducted a Long Range Patrol in Eastern Ladakh, seizing 108 gold biscuits (108 kg) near Sirigaple. 02 suspects were apprehended. Further investigations are ongoing with other agencies. pic.twitter.com/Ij2RK5hB1L
— ITBP (@ITBP_official) July 10, 2024
സംഭവദിവസം പുലർച്ചെ 1.20 ഓടുകൂടി അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിരിഗാപ്ലിൽ സംശയാസ്പദമായ രീതിയിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന് സ്വർണ്ണവും മറ്റ് വസ്തുക്കളും കണ്ടെത്തി. സ്വർണ്ണക്കട്ടികൾ കൂടാതെ , രണ്ട് മൊബൈലുകൾ, ഒരു ബൈനോക്കുലർ, ചൈനീസ് ഭക്ഷണ സാധനങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവർ ഇന്ത്യൻ പൗരന്മാരായ ടെൻസിൻ ടാർഗി (40), സെറിംഗ് ചമ്പ (69) എന്നിവരാണെന്ന് തിരിച്ചറിനഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണം വിശദ പരിശോധനയ്‌ക്കായി കസ്റ്റംസ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇവരെ സിവിൽ പോലീസ്, ഇൻ്റലിജൻസ് ബ്യൂറോ, കസ്റ്റംസ്, ഐടിബിപി എന്നിവർ സംയുക്തമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.