തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിയാൻ വിക്രം സിനിമയാണ് ‘തങ്കലാൻ’. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷൻ രംഗങ്ങളും വിഎഫക്ട്സും കൊണ്ട് വിസ്മയം തീർക്കുന്ന കാഴ്ചയാണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. വിദേശ ശക്തികൾക്കെതിരെ പോരാടുന്ന ഒരു കൂട്ടം ജനങ്ങളാണ് ട്രെയിലറിൽ.
‘സാവുക്ക് തുനിന്തവനക്ക് മട്ടും താൻ ഇങ്ക വാഴ്‌ക്കൈ’ എന്ന വിക്രമിന്റെ മാസ് ഡയലോഗോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. ചിത്രത്തിൽ വിക്രമിന് സംഭാഷണങ്ങൾ ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, ട്രെയിലറിൽ മുഴുനീളം വിക്രമിന്റെ മാസ് സംഭാഷണങ്ങളാണുള്ളത്.
1920 കളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ബ്രിട്ടിഷ് ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നതെന്നും സൂചനകളുണ്ട്. വിക്രമിന് പുറെ പാർവ്വതി തിരുവോത്ത്, പശുപതി,മാളവിക മോഹൻ, ഡാനിയൽ കാൽടാഗിറോൺ എന്നിവരും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
പാ രഞ്ജിത്താണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി അൻപ് അറിവാണ്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.