വിയന്ന: ഭാരതം ലോകത്തിനായി നൽകിയത് ‘ബുദ്ധ’ നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് യുദ്ധത്തെ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും സമൃദ്ധിയും വർദ്ധിക്കുന്നതിനായി ബുദ്ധന്റെ പാത പിന്തുടരേണ്ടതാണ്. 21-ാം നൂറ്റാണ്ടിൽ ഇതിന്റെ പ്രധാന്യം ശക്തിപ്പെടാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഏറ്റവും മികച്ചതും വൈവിധ്യമാർന്നതുമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ലോകത്തിന് അറിവ് പകരുന്നു. ബുദ്ധന്റെ സന്ദേശങ്ങളാണ് ലോകത്തിന് മുന്നിൽ ഭാരതം പ്രദർശിപ്പിക്കുന്നത്. യുദ്ധത്തിന്റെ സന്ദേശം ഒരിക്കലും നൽകുന്നില്ല. ലോകം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ ബുദ്ധന്റെ സന്ദേശങ്ങൾ പിന്തുടരണം.”- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. എന്നാൽ ഇരുരാജ്യങ്ങൾ തമ്മിൽ നിരവധി സമാനതകളുണ്ട്. ജനാധിപത്യ മൂല്യങ്ങളാണ് ഇരുരാജ്യങ്ങളും ഉയർത്തിപിടിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയാണ് ഇന്ത്യയും ഓസ്ട്രിയയും പങ്കിട്ട മൂല്യങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സൗഹൃദ ബന്ധത്തിന്റെ നീണ്ട 75 വർഷങ്ങളാണ് ഇന്ത്യയും ഓസ്ട്രിയയും പങ്കിടുന്നത്. രാജ്യങ്ങൽ തമ്മിലുള്ള ദൃഢബന്ധം എക്കാലവും മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രിയയിലെ ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 31,000 ഇന്ത്യക്കാരാണ് ഓസ്ട്രിയയിൽ താമസിക്കുന്നത്. ഇന്ത്യൻ എംബസികളുടെ കണക്കനുസരിച്ച് ഓസ്ട്രിയയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 450-ലധികമാണ്.















