തിരുവനന്തപുരം: ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. സർക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുളള ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 10 ദിവസത്തേക്ക് ഇദ്ദേഹം സിംഗപ്പൂർ യാത്ര നടത്തിയിരുന്നു എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായതിനാൽ കമ്മിഷന്റെ അനുമതിയോടെയാണ് യാത്ര നടത്തിയത് എന്നാണ് എ.ഡി.ജി.പി.പറയുന്നത്
ഈ സമയത്ത് ഉദ്യോഗസ്ഥർ കമ്മിഷന്റെ നിയന്ത്രണത്തിലാണ് എന്നും പോലീസ് മേധാവി വഴി കമ്മിഷനെ അറിയിച്ച് അനുമതി തേടിയശേഷമാണ് യാത്ര ചെയ്തത് എന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ പറയുന്നു . ക്രമസമാധാന വിഭാഗത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഇക്കാര്യം പോലീസ് മേധാവി കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു എന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ വാദിക്കുന്നു.
പിന്നീട് ഇതുമായി ബന്ധപ്പെട്ട രേഖകൾ കമ്മിഷൻ സർക്കാരിനു കൈമാറിയപ്പോഴാണ് സിംഗപ്പൂര്‍ യാത്ര നടത്തിയ എ ഡി ജി പി സര്‍ക്കാരില്‍ നിന്ന് രേഖാമൂലം അനുമതി തേടിയിരുന്നില്ല എന്നും ഡി ജി പിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത് എന്നും വ്യക്തമായത്. ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറി വി വേണു ഇത്തരം നടപടി ആവർത്തിക്കരുത് എന്ന് എ.ഡി.ജി.പി. ക്ക് മുന്നറിയിപ്പു നൽകിയത്. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡി ജി പിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി.















