ന്യൂഡൽഹി: യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷയ്‌ക്ക് ശേഷം പകർത്തിയ ചോദ്യപേപ്പറാണെന്നും ചോർന്നു എന്ന് വരുത്തി തീർക്കാൻ ഒരു സംഘം ശ്രമിച്ചതായും സിബിഐ കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ സിബിഐ ഉടൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. ജൂൺ 23 നാണ് സിബിഐ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഏറ്റെടുത്തത്.
യുജിസി നെറ്റിന്റെ ആദ്യ സെക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥി വഴിയാണ് ചോദ്യപേപ്പർ ടെലഗ്രാം ചാനലിന്റെ അഡ്മിന് ലഭിച്ചത്. ഈ ചോദ്യപേപ്പർ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ച ഇവർ ഭാവിയിൽ പണം സമ്പാദിക്കാനാണ് ശ്രമിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ജൂൺ 18-നാണ് ചോദ്യപേപ്പർ ചോർന്നെന്ന രീതിയിലുള്ള സ്‌ക്രീൻ ഷോട്ടുകൾ ടെലഗ്രാമിൽ പ്രചരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന് (ഐ4സി) കീഴിലെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന സൂചനകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കെെമാറിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
11.21 ലക്ഷം വിദ്യാർത്ഥികളാണ് 1205 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയ്‌ക്ക് പ്രാധാന്യമേറിയിരുന്നു. ഓൺലെെനായിരുന്ന പരീക്ഷ ഇത്തവണ ഓഫ്ലെെനായാണ് എൻടിഎ നടത്തിയത്.















