കോയമ്പത്തൂർ : തമിഴ്‌നാട്ടിൽ വൻ കവർച്ചകൾ നടത്തിയ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി “റോഡ്മാൻ” എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) അറസ്റ്റിലായത്. ഏതാണ്ട് 68 വലിയ കവർച്ചകൾ ഇയാളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.
പ്രതി കോയമ്പത്തൂരിൽ മാത്രം 18 കവർച്ചകൾ നടത്തിയെന്ന് നോർത്ത് സോൺ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സ്റ്റാലിൻ പറഞ്ഞു. ഇയാളുടെ കവർച്ചാസംഘത്തിൽ ഏഴുപേരാണ് ഉള്ളത് എന്നാണ് അനുമാനം. ഇതിൽ പ്രധാനിയായ ഹംസരാജിനെയും (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും 63 പവൻ സ്വർണവും വിലകൂടിയ കാറുകളും ബൈക്കും പിടികൂടി.രണ്ട് കാറുകൾ ബൈക്കുകളും 13 ലക്ഷം രൂപയും കവർന്നതായി കണ്ടെത്തി.
ഈസംഘം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽനിന്ന് 1500 പവൻ സ്വർണം മോഷ്ടിച്ചു. ഇതിൽ കോയമ്പത്തൂരിൽനിന്നുമാത്രം 376 പവൻ കവർന്നു. എന്ന് പോലീസ് പറഞ്ഞു. സ്വർണം വിറ്റ പണം കൊണ്ട് നാലുകോടിരൂപ വിലവരുന്ന തുണിമിൽ രാജപാളയത്ത് മൂർത്തി സ്വന്തമാക്കിയതായി പോലീസ് പറഞ്ഞു.
കോയമ്പത്തൂരിൽ റെയിൽവേ പാളങ്ങൾക്ക് സമീപത്തെ വീടുകളിൽ മോഷണം പതിവാണ്. ഇത് സംബന്ധിച്ച് കാലാകാലങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പോലീസ് കമ്മീഷണർ ബാലകൃഷ്ണന്റെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് മൂന്ന് മാസത്തോളം അന്വേഷണം നടത്തിയത്. ആ അന്വേഷണത്തിലാണ് കവർച്ച സംഘത്തിലെ പ്രധാനിയായി പ്രവർത്തിച്ച റോഡ്മാൻ എന്ന മൂർത്തിയെ സ്‌പെഷ്യൽ ഫോഴ്‌സ് പോലീസ് അറസ്റ്റ് ചെയ്തത്.
2020 മുതലാണ് മൂർത്തി കവർച്ച തുടങ്ങിയത്. രണ്ടുവർഷമായി മൂർത്തി കോയമ്പത്തൂർ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നു. റെയിൽവേ പാളങ്ങൾക്ക് സമീപത്തെ വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തുന്നത്. ഇതിനായി അയാൾ രൂപീകരിച്ച ആ സംഘത്തിൽ ഏഴ് പേരുണ്ട്, കോയമ്പത്തൂർ കോർപ്പറേഷനിലെ സിങ്കനല്ലൂർ, പീലമേട്, കൂടാതെ രാമനാഥപുരം രാജപാളയം പോലുള്ള പ്രദേശങ്ങളിലെ കവർച്ച സംഭവങ്ങളിൽ ഉൾപ്പെട്ടവരായതിനാൽ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്ത് മോഷണം നടത്തുന്നത് കൊണ്ടാണ് റോഡ്‌മാൻ എന്ന് പേര് വന്നത്. സംഘത്തിലെ മറ്റുള്ളവരെ പിടിക്കാൻ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കവർച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും പങ്കാളിയായിരുന്നുവെന്ന് അനുമാനിക്കുന്നു. പ്രത്യേക സേന വിവിധ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആണ് ഇയാളിലേക്ക് എത്തിയത്. മുഖത്ത് ചായം പൂശിയാണ് മോഷണത്തിന് ഇറങ്ങുന്നത്. തിരക്ക് കുറവായ റെയിൽവേ ട്രാക്കുകളുടെ ഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറകളും നായകളും ഇല്ലാത്തതിനാൽ അവിടെയുള്ള വീടുകളിൽ നോട്ടമിട്ടാണ് മോഷണം നടത്തുന്നത്.















