കോഴിക്കോട്: നവകേരള ബസ് സർവീസ് മുടങ്ങി. ആളില്ലാത്തതിനാലാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന നവകേരള ബസിന്റെ സർവീസ് മുടങ്ങിയത്. ഇന്നലെയും ഇന്നും ബസ് സർവീസ് നടത്തിയില്ല. ഈ ബസിലേക്കായി ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് നിരത്തിലിറക്കിയത്.
നേതാക്കന്മാരുടെ സഞ്ചാരത്തിന് ശേഷം ബസ് മാസങ്ങളായി വെറുതെ കിടന്ന് നശിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താൻ തീരുമാനമാകുന്നത്. ഗരുഡ പ്രീമിയം എന്ന പേരിലാണ് യാത്രക്കാർക്കായി ബസ് നിരത്തിലിറക്കിയത്. സർവീസ് ആരംഭിച്ച് ആദ്യ ദിനങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് കുറയുകയായിരുന്നു.
26 പുഷ്ബാക്ക് സീറ്റുകളുള്ള ബസ്സിൽ ലിഫ്റ്റും ശുചിമുറിയും വാഷ്‌ബേസിനും ഉണ്ട്. യാത്രക്കിടയിൽ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നവകേരള യാത്രയ്‌ക്ക് ശേഷം ഈ ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ബസിന്റെ പെർമിറ്റിൽ മാറ്റം വരുത്തുകയായിരുന്നു.















