പത്തനം തിട്ട : കാപ്പ കേസ് ചുമത്തിയ പ്രതിക്കൊപ്പം പാർട്ടിയിലെത്തിയ മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സിപിഎം നടത്തിയ ദുരാരോപണത്തിനെതിരെ വിശദീകരണവുമായി എക്സൈസ് ഉദ്യോഗസ്ഥൻ അസീസ്.
“താൻ സര്ക്കാർ ഉദ്യോഗസ്ഥനാണ്. തനിക്ക് ഒരു രാഷ്ട്രീയവും ഇല്ല താൻ മുഖ്യമന്ത്രിയുടെ മെഡൽ വാങ്ങിയ ആളാണ്. 23 വർഷമായി ആത്മാർത്ഥമായി താൻ ജോലി ചെയ്യുന്നു. നടപടി എടുക്കുമ്പോൾ പിന്തുണ കിട്ടേണ്ടത്തിന് പകരം ഇത്തരത്തിൽ ഉള്ള ആരോപണങ്ങൾ വരുന്നതിൽ വലിയ സങ്കടം ഉണ്ട് . യദു കൃഷ്ണനെ ഒരു പരിചയവും ഇല്ല .എക്സൈസ് ഇൻസ്പെക്ടർക്ക് ഒപ്പം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്” ,
സിപിഎമ്മിന്റെ ആരോപണം പൂർണമായി തള്ളിയ അസീസ് പറഞ്ഞു.
യദുകൃഷ്ണനെ എക്സൈസ് കഞ്ചാവ് കേസിൽ കുടുക്കിയതാണ് എന്നാണ് സി പി എമ്മിന്റെ വാദം. “അസീസ്” എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ എന്നായിരുന്നു സിപിഎം പറഞ്ഞത്. യദുവിന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി വിശദീകരണം നൽകി.
കാപ്പാ കേസിലെ പ്രതി അടക്കം വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 62 പേർ പാർട്ടി വിട്ട് സിപിഎമ്മിന്റെ ഭാഗമായിരുന്നു.ഇതിനു പിന്നാലെ വൻതോതിൽ പാർട്ടിക്കെതിരേ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് നേതൃത്വം വാദിക്കുന്നത്. യദുവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും അസീസ് എന്ന ആർ.എസ്.എസ്.- സംഘപരിവാർ ബന്ധമുള്ള ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കുകയായിരുന്നുവെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. ഇനിയും ഇത്തരം ഗൂഢാലോചന പ്രതീക്ഷിക്കുന്നുവെന്നും പാർട്ടി നേതൃത്വം മുൻ കൂർ ജാമ്യം എടുത്തു.
മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ നിന്ന് രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. കുമ്പഴയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ എക്സൈസ് സംഘമെത്തി പരിശോധിച്ച് പിടികൂടുകയായിരുന്നു. കേസ് എടുത്ത അധികൃതർ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യദുകൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്നത്. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് വരുത്തിയത് വൻ വിവാദമാവുകയും സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.















