കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സ്‌കൂളിലേക്ക് ഷൂ ധരിച്ചെത്തിയതിനായിരുന്നു റാഗിംഗ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ തലയ്‌ക്കാണ് മർദ്ദനമേറ്റത്. എന്നാൽ വീട്ടിലെത്തിയ വിദ്യാർത്ഥി മർദ്ദനമേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. പിന്നീട് വിദ്യാർത്ഥിക്ക് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടിരുന്നു.
ഇതിനിടയിലാണ് വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയപ്പോൾ മർദ്ദനമേറ്റ വിവരം വിദ്യാർത്ഥി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















