തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ. മലപ്പുറം, കാസർകോട് ജില്ലകളിൽ താത്കാലിക ബാച്ചുകളനുവദിച്ചു. മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്. മലബാർ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ 30% സീറ്റ് വർദ്ധനയും എയ്ഡഡ് സ്‌കൂളുകളിൽ 20 % സീറ്റ് വർദ്ധനയും, കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % സീറ്റ് വർദ്ധനയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ചട്ടം 300 പ്രകാരം ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായാണ് 120 താത്കാലിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 59 ബാച്ചുകളും കൊമേഴ്സിൽ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. കാസർകോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായാണ് 18 അധിക ബാച്ചുകൾ. ഒരു സയൻസ് ബാച്ചും 4 ഹ്യുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉൾപ്പെടെയാണിത്.
ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ജൂലൈ എട്ടിന് ആരംഭിച്ചിരുന്നു. 30,245 വിദ്യാർത്ഥികളാണ് ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നേടിയത്. 18,223 വിദ്യാർത്ഥികൾക്ക് ജില്ലയിൽ പഠിക്കാൻ സീറ്റില്ലെന്നാണ് കണക്ക്. പാലക്കാട് 4434-ഉം കോഴിക്കോട് 2307 സീറ്റുകളും കുറവാണ്. കണ്ണൂരിൽ 646-ഉം കാസർകോട് 843-ഉം സീറ്റും കുറവുണ്ട്. സീറ്റ് പ്രതിസന്ധിയിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജില്ലകളിൽ അധികബാച്ച് അനുവദിച്ചത്.