ബെംഗളൂരു: ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി. ദർശൻ സമർപ്പിച്ച ഹർജിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ദർശന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. കേസ് ജൂലൈ 18 ലേക്ക് മാറ്റി.
വീട്ടിൽ നിന്നുള്ള ഭക്ഷണം ജയിലിൽ എത്തിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ജയിലിൽ നിന്നും കിട്ടുന്ന ഭക്ഷണം തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് അഭിഭാഷകൻ മുഖേന നൽകിയ ഹർജിയിൽ പറയുന്നത്. കിടക്ക, ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം കഴിക്കാന്‍ സ്പൂണ്‍, വായിക്കാന്‍ പുസ്തകം എന്നിവ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്ക് വീട്ടിൽ നിന്നും കിടക്കയും വസ്ത്രവും ലഭിക്കാൻ അർഹത ഇല്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടിൽ നിന്നും ഭക്ഷണം ലഭിക്കുന്നതിനായി ആദ്യം ജയിൽ ഇൻസ്‌പെക്ടറുടെ അനുവാദം തേടണം. ഇത് കഴിഞ്ഞ് സെഷൻസ് കോടതിയെ സമീപിക്കണമെന്നുമാണ് പ്രോസിക്യൂട്ടർ വാദിച്ചത്.
രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ ഇയാൾ നിലവിൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജയിലിൽ വിളമ്പിയ ഭക്ഷണം ദഹിക്കാതെ വന്നതോടെ ശരീരഭാരം കുറയുകയും ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടെന്നുമാണ് ദർശൻ അഭിഭാഷകനെ അറിയിച്ചത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല. ജയിൽ അധികൃതരുടെ നിഷേധം മനുഷ്യത്വരഹിതവുമാണെന്ന് ദർശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് തുടർന്നാൽ, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാൽ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്‌ക്കും. അതിനാൽ ജയിലിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നാണ് നടൻ ദർശൻ ഹൈക്കോടതിയോട് അപേക്ഷിച്ചത്.















