സ്പേസ് എക്സ് ഉടമ ഇലോൺ മസ്കിന്റെ വിചിത്രമായ പല പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ മസ്കിന്റെ ഒരു തീരുമാനമാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാകുന്നത്. താൻ ഒരാഴ്ചത്തേക്ക് ഓംലറ്റ് കഴിക്കില്ലെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഇതിന്റെ കാരണവും മസ്ക് വിശദീകരിക്കുന്നുണ്ട്.
സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനിടെ ശബ്ദതരംഗങ്ങൾ മൂലം ടെക്സസിലെ ഒമ്പത് കിളിക്കൂടുകളിലെ മുട്ടകൾ നശിച്ച് പോയിരുന്നു. ഇതിന്റെ പ്രായശ്ചിത്തമായാണ് ഒരാഴ്ചത്തേക്ക് ഓംലറ്റ് കഴിക്കില്ലെന്ന് മസ്ക് വ്യക്തമാക്കിയത്. എക്സിലൂടെ പുറത്തുവന്ന ഒരു പോസ്റ്റിലാണ് മസ്കിന്റെ തീരുമാനത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇത് ഗൗരവമായി പറഞ്ഞതാണോ അതോ തമാശയാണോ എന്ന ചോദ്യവുമായി നിരവധി ആളുകളും കമന്റ് ബോക്സിൽ പ്രത്യേക്ഷപ്പെട്ടു.
റോക്കറ്റ് വിക്ഷേപണത്തിനിടെ ഇത്തരത്തിൽ ശബ്ദ തരംഗങ്ങൾ മൂലം ഒരുപാട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ ഇത് വലിയ തോതിൽ ശ്രദ്ധ നേടുകയാണ്.















