ഗ്വാളിയാർ: നിറം കറുപ്പായതിന്റെ പേരിൽ ഭാര്യ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയാർ സ്വദേശിയായ 24 കാരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാൾക്കെതിരെ ഭാര്യ പീഡന പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുൻപേ പൊലീസ് ഇരുവരെയും കൗൺസിലിങ്ങിനായി വിളിച്ചിരിക്കുകയാണ്.
ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ അന്നു മുതൽ നിറത്തിന്റെ പേരിൽ ഭാര്യ തന്നെ ബുദ്ധിമുട്ടിക്കുന്നതായി യുവാവ് പറയുന്നു. ഒരു മാസം മുൻപ് ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നിരുന്നു. എന്നാൽ പത്ത് ദിവസം കഴിഞ്ഞ് ഇവർ കുഞ്ഞിനെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോയതായി യുവാവ് ആരോപിക്കുന്നു. യുവതിയെ തിരികെ കൂട്ടിക്കൊണ്ടുവരാനായി പോയപ്പോൾ വീണ്ടും നിറത്തിന്റെ വിഷയം ഉന്നയിക്കുകയും തിരികെപ്പോകാൻ യുവതി വിസമ്മതിക്കുകയായിരുന്നു. കൂടാതെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി ഇവർ ഭർത്താവിനെതിരെ പീഡന പരാതി നൽകുകയും ചെയ്തു.
കുട്ടിയെ ഉപേക്ഷിച്ച് കടന്ന യുവതിക്കെതിരെയും ഭർത്താവും അമ്മയും പരാതി നൽകി. എന്നാൽ ഇരുവരുടെയും പരാതികളിൽ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. കൗൺസിലിംഗിനായി ഇരുവരോടും ജൂലൈ 13 ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുശേഷം സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.















