സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. സർഫിറ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുധ കൊങ്കര തന്നെയാണ്. വൈകാരിക നിമിഷങ്ങൾ ഏറെയുള്ള ചിത്രത്തിൽ അക്ഷയ് കുമാറിന്റെ പ്രകടനം സൂര്യയ്‌ക്ക് മുകളിൽ നിൽക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, സിനിമയിലെ വൈകാരിക രംഗങ്ങളിൽ ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് താൻ കരഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ.
“എനിക്ക് എന്റെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന നിരവധി കാര്യങ്ങൾ സിനിമയിലുണ്ട്. ഈ കഥാപാത്രത്തിന് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നുണ്ട്. അവൻ അനുഭവിച്ച ആഘാതം. ആ രംഗം അഭിനയിക്കുമ്പോൾ സത്യം പറഞ്ഞാൽ, എന്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ആഘാതത്തിലേക്ക് എന്നെ കൊണ്ടുപോയി. ഞാൻ കരയാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല. കരയാൻ ഞാൻ എന്റെ സ്വന്തം വികാരങ്ങൾ ഉപയോഗിച്ചു. നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും. ഞാൻ ശരിക്കും കരയുകയായിരുന്നു”.
“സുധ കട്ട് പറഞ്ഞുവെങ്കിലും പല രംഗങ്ങളിലും ഞാൻ തലതാഴ്‌ത്തി പിടിച്ചു. കാരണം ഞാൻ കരയുകയായിരുന്നു. ആ വികാരത്തിൽ നിന്ന് പുറത്തുവരുന്നത് അത്ര എളുപ്പമല്ല. ഞാൻ ദൂരെ മാറി പോയി. സുധ കട്ട് പറഞ്ഞുവെന്ന് എനിക്കറിയാം, പക്ഷേ വികാരം അടക്കാൻ കഴിഞ്ഞിരുന്നില്ല. ദൈർഘ്യമേറിയ ഷോട്ടുകൾ എടുക്കാൻ ഞാൻ സുധയോട് അഭ്യർത്ഥിക്കാറുണ്ടായിരുന്നു, കാരണം ഞാൻ അതേ വികാരത്തോടെയാണ് തുടരുന്നത്”-അക്ഷയ് കുമാർ പറഞ്ഞു.