ലോക കായിക മാമാങ്കത്തിന് പാരിസിൽ ജൂലായ് 26ന് തിരിതെളിയുമ്പോൾ ഇന്ത്യയിൽ നിന്ന് യോഗ്യരായത് 113 താരങ്ങളാണ്. 14 ഇനങ്ങളിൽ മത്സരിക്കുന്ന കായിക താരങ്ങൾ പുതിയ ചരിത്രം രചിക്കുമോ എന്നാണ് ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്നത്. 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 66 പുരുഷ താരങ്ങളും 47 വനിതാ താരങ്ങളുമാണ് ഇതുവരെ യോഗ്യത നേടിയത്.
ചരിത്രത്തിൽ ടോക്കിയോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഏഴു മെഡലുകളാണ് ഇന്ന് ഇന്ത്യ നേടിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് പോക്കറ്റിലാക്കിയത്. അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ട്രാക്ക് ആൻഡ് ഫീൾഡിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമായി നീരജ് ചോപ്രമാറി. ജാവലിനിലായിരുന്നു താരത്തിന്റെ നേട്ടം.
2016 ലും 21ലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയ ബാഡ്മിൻഡൺ താരം പിവി സിന്ധു ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 49 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ഹോക്കി പുരുഷ ടീം വെങ്കലം നേടി മെഡൽ വറുതി അവസാനിപ്പിച്ചിരുന്നു. അതേസമയം മെഡൽ നേടുന്ന കായിക താരങ്ങൾക്ക് വലിയ ബഹുമതികളും സാമ്പത്തികമായ പ്രോത്സാഹന സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്.
ടോക്കിയോ ഒളിമ്പിക്സിൽ(2021) സ്വർണം എറിഞ്ഞിട്ട നീരജ് ചോപ്രയ്‌ക്ക് 13 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. ഹരിയാന സർക്കാർ 6 കോടി നൽകിയപ്പോൾ പഞ്ചാബ് 2 കോടി സമ്മാനിച്ചു. മണിപ്പൂർ, ബിസിസിഐ,ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവർ ഒരോ കോടി വീതവും ബൈജൂസ് രണ്ടുകോടിയും നൽകി.