ന്യൂഡൽഹി: മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ശേഷം മതം മാറാൻ വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 2020 സെപ്റ്റംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ സിന്ദുരിയ ഗ്രാമവാസികളായ അജാജ് അഹമ്മദ് ആസിഫ്, ഷൊയ്ബ് അക്തർ എന്നിവരാണ് കേസിലെ പ്രതികൾ.
അജാജ് അഹമ്മദിനെയാണ് യുവതി വിവാഹം ചെയ്തത്. മതം മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് യുവതിയെ ഭർതൃവീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വാടക വീട്ടിലാണ് താമസിപ്പിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി വെളിപ്പെടുത്തി.
ഭർത്താവ് അജാജ് അഹമ്മദും, ഷൊയ്ബ് അക്തർ എന്നയാളും ചേർന്ന് യുവതിയെ മതം മാറാൻ നിർബന്ധിച്ചെങ്കിലും നടക്കില്ലെന്ന് കണ്ടതോടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയത്.
അജാജിനെയും ഷൊയ്ബ് അക്തറിനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറിൽ അജാജിന് കോടതി ജാമ്യം അനുവദിച്ചു. എട്ടര വർഷം ജയിൽ ശിക്ഷ അനുഭവിച്ചതായി ജാമ്യാപേക്ഷയിൽ തെറ്റായി രേഖപ്പെടുത്തിയാണ് അജാജ് ജാമ്യം നേടിയതെന്നും ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയുടെ ജാമ്യം റദ്ദാക്കിയത്.