കൊച്ചി: ലിവിങ് ടുഗതർ പങ്കാളി ഭർത്താവല്ലെന്നും ബന്ധത്തെ വിവാഹമായി കണക്കാക്കാൻ ആവില്ലെന്നും ഹൈക്കോടതി. ഭാര്യ-ഭർത്താവ് ബന്ധം നില നിൽക്കണമെങ്കിൽ നിയമപരമായി വിവാഹം കഴിക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിനെതിരായ ഗാർഹിക പീഡനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.
ഭർത്താവെന്ന് പറയണമെങ്കിൽ വിവാഹിതരായിരിക്കണം. അല്ലാത്തപക്ഷം ലിവിങ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂ. പങ്കാളിയിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ ശാരീരികമായും മാനസികമായും പീഡനം നേരിട്ടാൽ അത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതിയറിയിച്ചു.
കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് എറണാകുളം സ്വദേശിക്കെതിരെ ചുമത്തിയിരുന്ന ഗാർഹിക പീഡനക്കേസ് കോടതി റദ്ദാക്കി. പരാതിയിൽ ഐപിസി 498 പ്രകാരം കേസെടുക്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി യുവതിയുടെ കേസ് റദ്ദാക്കിയത്.















