ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീതുമായി ഗോകുലം മൂവീസ്. ദിലീപ് നായകനായെത്തുന്ന ‘ഭ ഭ ബ’ എന്ന ചിത്രത്തിന്റെ കഥ തെറ്റായി പ്രചരിപ്പിച്ചതിനാണ് താക്കീത് നൽകിയത്. ചിത്രത്തിൽ ദിലീപ് വ്യാജ ജ്യോതിഷനായെത്തുന്നു എന്ന രീതിയിലാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ്.
ഭഭബയിൽ ദിലീപ് വ്യാജ ജ്യോതിഷാനായാണ് എത്തുന്നതെന്ന രീതിയിലെ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമുള്ള പോസ്റ്ററാണ് ഗോകുലം മൂവീസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ജസ്റ്റ് ഫോർ എ ഇൻഫർമേഷൻ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിൽ ‘ഓൺലൈൻ മാദ്ധ്യമങ്ങളെല്ലാം ആവേശത്തിലാണ്. പക്ഷെ, ഞങ്ങളുടെ കഥ ഇങ്ങനെയല്ല, നിങ്ങളുടെ സമയത്തിനും നിങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇത് വ്യാജമാണ്’ എന്നാണ് കുറിച്ചിരിക്കുന്നത്.

ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 14-നാണ് ആരംഭിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് താരദമ്പതികളായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.















