റായ്പൂർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്ന് പിസ്റ്റളും ഹെറോയിനും കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന. പഞ്ചാബ് പൊലീസും ബിഎസ്എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. തരൺ തരൺ ജില്ലയിലെ മസ്തഗഢ് ഗ്രാമത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ ഫിറോസ്പൂർ ജില്ലയിൽ നിന്ന് 570 ഗ്രാം ഹെറോയിൻ സൈനികർ കണ്ടെടുത്തു. കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.















