സ്തനാർബുദം ബാധിച്ച് ചികിത്സയിലാണ് ബോളിവുഡ് സീരിയൽ നടി ഹിന ഖാൻ. അടുത്തിടെയാണ് തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ചികിത്സയിൽ കഴിയുന്ന ഹിനയുടെ വികാരനിർഭരമായ മറ്റൊരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ദൈവത്തിനല്ലാതെ മറ്റാർക്കും തന്റെ ഈ വേദന മാറ്റാൻ സാധിക്കില്ലെന്ന് ഹിന ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് പിന്നാലെ പോസിറ്റീവ് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അസുഖം വേഗത്തിൽ ഭേദമാകട്ടെയെന്നും ധൈര്യത്തോടെ രോഗത്തെ നേരിടാൻ കഴിയട്ടെയെന്നും ആരാധകർ ആശംസിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു താരത്തിന് കീമോതെറാപ്പി ആരംഭിച്ചത്. ചികിത്സ തുടങ്ങുന്നതിന് മുമ്പായി തലമുടി വെട്ടുന്ന വീഡിയോ ഹിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും തനിക്ക് ആവശ്യമാണ് എന്ന് കുറിച്ചുകൊണ്ടാണ് ഹിന വീഡിയോ പങ്കുവച്ചത്.
അമ്മയോടൊപ്പം ബ്യൂട്ടിപാർലറിൽ കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്നതായിരുന്നു വീഡിയോ. വിങ്ങിപ്പൊട്ടുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ഹിന കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.