ന്യൂഡൽഹി: അഗ്നിവീറുകളായി സേവനമനുഷ്ഠിച്ചവർക്ക് പാരാമിലിട്ടറി സേനകളിൽ 10 % സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എന്നിവയിലാണ് 10 ശതമാനം സംവരണം ലഭിക്കുന്നത്. മുൻ അഗ്നിവീറുകൾക്ക് സുരക്ഷാ സേനകളിൽ സംവരണം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകൾക്കും അഗ്നിവീറുകൾക്ക് 10 % സംവരണം നൽകുമെന്ന് ആർപിഎഫ് ഡയറക്ടർ ജനറൽ മനോജ് യാദവ് പറഞ്ഞു. അതേസമയം, സിഐഎസ്എഫും ഇക്കാര്യത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടർ ജനറൽ നീന സിംഗ് പറഞ്ഞു. മുൻ അഗ്‌നിവീറുകൾക്ക് ശാരീരിക ക്ഷമതാ ടെസ്റ്റിനും ഇളവ് നൽകുമെന്ന് അവർ കൂട്ടി ചേർത്തു.
ഇത് ഏറ്റവും മികച്ച തീരുമാനമാണെന്നും അഗ്നിവീറുകൾക്ക് സംവരണം നൽകുന്നതിലൂടെ സേനകൾ കൂടുതൽ ശാക്തീകരിക്കാനാകുമെന്നും ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ 2022 ജൂൺ 14-ന് ആരംഭിച്ച അഗ്നിപഥ് പദ്ധതിപ്രകാരം 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. നാല് വർഷത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാലും ഇവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സായുധ സേനകളിൽ നിലനിർത്താനുള്ള വ്യവസ്ഥയുണ്ട്. പദ്ധതിയുടെ പ്രായപരിധി 23 വയസായി കേന്ദ്രം ഉയർത്തിയിരുന്നു.















