ചെന്നൈ: 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ചിത്രം ഗുണയുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പകർപ്പവകാശം തന്റേതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിന് പി വേൽമുരുകനാണ് ഇടക്കാല ഉത്തരവിറക്കിയത്.
സിനിമകൾക്കുള്ള ധനസഹായം, നിർമാണം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താൻ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂർണഅവകാശം താൻ നേടിയിട്ടുണ്ടെന്നും ഘനശ്യാം ഹോംദേവ് കോടതിയെ അറിയിച്ചു.
പ്രൊഡക്ഷൻ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലീം ലബോറട്ടറീസ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 22-നകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച ജനപ്രീതി കണക്കിലെടുത്താണ് ഗുണ റീ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. പിരമിഡ് ഓഡിയോ ഗ്രൂപ്പാണ് സിനിമ റീ റിലീസിനായി ഏറ്റെടുത്തത്. സന്താനഭാരതിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഗുണ. മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാസ് രംഗത്തെ ‘കൺമണി അൻപോട് കാതൽ’ എന്ന ഗാനത്തിലൂടെയാണ് ഗുണ വീണ്ടും ശ്രദ്ധേയമായത്.