ന്യൂഡൽഹി: യമുനാ നദീതീരത്തെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണ പ്രവർത്തങ്ങളും നീക്കാൻ ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. തീരങ്ങളിലെയും നദീതടങ്ങളിലെയും യമുനയിലേക്ക് ഒഴുകുന്ന ചാലുകളുടെയും സമീപത്തുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് നിർദ്ദേശം. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ജെഡെല എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ജൂലൈ 8 ന് പ്രസ്താവിച്ച വിധിയുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. യമുനാതീരത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാന് കഴിഞ്ഞ ദിവസം കൈമാറി.