ഹൈദരാബാദ്: ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. അവരുടെ ടീം നടിക്ക് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. നടിയുടെ പരിക്ക് അല്പം ഗുരുതരമാണെന്നാണ് സൂചന. കൈയ്‌ക്കോ കാലിനോ ഒടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. പൊട്ടലിന്റെ കാര്യം നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളിന്‍റെ ചിത്രീകരണത്തിനായാണ് നടി ഹൈദരാബാദിലെത്തിയത്. ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാനും പ്രകാശ് രാജും ചിത്രത്തിലുണ്ടെന്ന സൂചനകളുമുണ്ട്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.















