ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ പൊതുബജറ്റിനോട് അനുബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ ഡൽഹിയിലെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനെ കുറിച്ചുള്ള പദ്ധതികളും വികസിത ഭാരതം എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനുള്ള നയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ,നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെരി, ആസൂത്രണ മന്ത്രി റാവു ഇന്ദർജിത് സിംഗ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ, സാമ്പത്തിക വിദഗ്ധരായ അശോക് ഗുലാത്തി, സുർജിത് ബല്ല, ബാങ്കർ കെ വി കാമത്ത് എന്നിവരാണ് യോഗത്തിന്റെ ഭാഗമായത്.
നീതി ആയോഗ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സാമ്പത്തിക വിദ്ഗദരുമായി സംവദിക്കുകയും രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തുന്നതിനായുള്ള അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
2047-ൽ രാജ്യത്തെ 30 ട്രില്യൺ ശേഷിയുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി അവതരിപ്പിക്കാൻ പോകുന്നത്. ഗ്രാമവികസനം, കാർഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, പാർപ്പിടം, ശുചിത്വം, വിദ്യാഭ്യാസം, നൈപുണ്യങ്ങൾ, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകൾക്കായിരുക്കും ബജറ്റിൽ ഊന്നൽ നൽകുകയെന്നും യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുക, ദാരിദ്ര്യ നിർമാർജനം ത്വരിതപ്പെടുത്തുക, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















