വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാൻ “ഏറ്റവും യോഗ്യതയുള്ള” വ്യക്തി താനാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും തോൽപ്പിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. ട്രംപിനെ തോല്പിക്കണമെന്നത് എന്റെ പൈതൃകമോ പാരമ്പര്യമോ അല്ല, അതാണ് തന്റെ ജോലിയെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോ ഉച്ചക്കോടിയുടെ അവസാന ദിവസത്തെ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ബൈഡൻ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ബൈഡന്റെ പ്രായത്തെയും ശാരീരിക ക്ഷമതയെയും കുറിച്ചുള്ള ചോദ്യങ്ങളും വാർത്താ സമ്മേളനത്തിൽ ഉയർന്നിരുന്നു. എന്നാൽ, തനിക്ക് അവസരമുള്ളിടത്തോളം കാലം പ്രസിഡന്റ് പദവി ഉപേക്ഷിക്കില്ലെന്ന മറുപടിയിൽ ഉറച്ചു നിൽക്കുകയായിരുന്നു ബൈഡൻ . 81 കാരനായ ബൈഡന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു.
നവംബറിൽ നടക്കുന്ന മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് 78 കാരനായ ട്രംപ്. തെരഞ്ഞെടുപ്പിന് മുമ്പ് യു എസ് സ്ഥാനാർത്ഥികൾ തമ്മിൽ നടക്കുന്ന സംവാദ പരമ്പരയിലും ബൈഡന് മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊക്കെ ഇടയിലാണ് ബൈഡൻ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചത്.